ഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് കത്ത് അയച്ച് ബംഗ്ലാദേശ്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചു.
നേരത്തേ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. കുറ്റവാളികളെ കൈമാറാൻ കരാർ ഉണ്ടെന്നും അത് പാലിക്കാൻ ഇന്ത്യ തയ്യാറാകണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഖലീലുർ റഹ്മാൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കത്ത്.
രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനേ ഇടയാക്കൂവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.