ഫിലിപ്പീന്‍സില്‍ ദുരന്തമായി ഭൂചലനം; 19 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മിന്റനാവോ ദ്വീപിന് സമീപം ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചില പ്രദേശങ്ങളില്‍ മുന്നറിയിപ്പ് പിന്‍വലിച്ചു.
തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.37നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പരിക്കേറ്റവരുടെയും ദുരന്തത്തിന്റെ വ്യാപ്തിയുടെയും ഔദ്യോഗിക കണക്ക് ദേശീയ ദുരന്തനിവാരണ കൗണ്‍സില്‍ പിന്നീട് പുറത്തുവിടും. പൊലീസ്, പ്രാദേശിക ഭരണകൂടം, ദുരന്തനിവാരണ ഏജന്‍സികള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും അന്തിമ കണക്ക് പ്രസിദ്ധീകരിക്കുക.
സംഭവത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ജനങ്ങളെ ആശ്വസിപ്പിച്ചു. ദുരന്തബാധിത മേഖലകളെ സര്‍ക്കാര്‍ കൈവിടില്ലെന്നും രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസ നടപടികളും ഏകോപിപ്പിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ബാധിത പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തത്തെ തുടര്‍ന്ന് ഭീതിയിലായ വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലും തുറസ്സായ സ്ഥലങ്ങളിലും അഭയം തേടുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
What's Your Reaction?



