പോലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പ്രതിഷേധം; വിദ്യാർത്ഥികളെ വിട്ടയച്ചു

Jul 23, 2026 - 22:12
Jul 23, 2026 - 22:15
 0
പോലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പ്രതിഷേധം; വിദ്യാർത്ഥികളെ വിട്ടയച്ചു

മുംബൈ: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മുംബൈയിൽ പൊലീസ് വാൻ തടഞ്ഞ് യുവതിയുടെ ഒറ്റയാൾ പോരാട്ടം ശ്രദ്ധേയമായി. ഇരുപത്തിയേഴുകാരിയായ മോഡൽ റിയ അഹിറാണ് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് വാൻ തടഞ്ഞ് പ്രതിഷേധിച്ചത്.

വാനിനു മുന്നിൽനിന്ന് റിയ മാറാൻ വിസമ്മതിച്ചതോടെ പൊലീസ് ഒടുവിൽ വിദ്യാർത്ഥികളെ വിട്ടയക്കുകയായിരുന്നു. ദാദറിലെ ശിവാജി പാർക്കിനു മുന്നിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.

കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയ പൊലീസ് വാൻ തടഞ്ഞുനിന്നു. ഇതോടെ ഒട്ടേറെ പേർ മുദ്രാവാക്യം വിളിച്ച് റിയയ്ക്ക് പിന്തുണയുമായി എത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റിയ പ്രതിഷേധക്കാരുടെ ‘റോൾ മോഡൽ’ ആയി മാറി. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ റിയയെ ‘ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്.

ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് മുംബൈയിൽ നടത്തിയ പ്രതിഷേധത്തിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോഴാണ് പൊലീസ് വാൻ കണ്ടതെന്ന് റിയ പറഞ്ഞു. വാനിൽ നിറയെ ആളുകളുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ മുദ്രാവാക്യം മുഴക്കിയിരുന്നുവെന്നും അവർ പറഞ്ഞു.

വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാൻ മെമ്മോ ഉണ്ടോയെന്ന് പൊലീസിനോട് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ല. അതിനാലാണ് വാഹനം തടയണമെന്ന് തീരുമാനിച്ചതെന്ന് റിയ എൻഡിടിവിയോട് പറഞ്ഞു.

‘നിയമത്തെക്കുറിച്ച് ധാരണയുള്ള പൗരയെന്ന നിലയിൽ ഞാൻ മിണ്ടാതിരിക്കാനായില്ല. പൊലീസ് ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. നമ്മുടെ അവകാശങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരാകണം,’ റിയ പറഞ്ഞു.

നടിയും മോഡലും സംരംഭകയുമായ റിയ അഹിറിനെ ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം പേർ പിന്തുടരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow