വിദ്യാർത്ഥി സമരത്തിൽ വ്യത്യസ്ത നിലപാടുമായി മുരളി മനോഹർ ജോഷി
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ ബിജെപിയുടെ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി വ്യത്യസ്ത അഭിപ്രായവുമായി രംഗത്തെത്തി. വിദ്യാർത്ഥികളുടെ ആശങ്ക ന്യായമാണെന്നും അവർ തെരുവുകളിൽ പ്രതിഷേധിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർത്ഥികൾ ദിവസങ്ങളായി ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വേദനാജനകമാണെന്ന് ജോഷി പറഞ്ഞു. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട അവരുടെ ആശങ്കകളും ആശയക്കുഴപ്പങ്ങളും യാഥാർഥ്യമുള്ളവയാണെന്നും അവയെ സഹാനുഭൂതിയോടെയും ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ ശ്രമത്തോടെയും സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കരുതെന്ന് ജോഷി മുന്നറിയിപ്പ് നൽകി. യുവതികളടക്കമുള്ള വിദ്യാർത്ഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാർത്തകൾ വേദനാജനകമാണെന്നും ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യയെ ‘വിക്സിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധവും നടന്നു. എംപിമാരുടെ പ്രതിഷേധ മാർച്ച് ഗാന്ധി സ്മൃതിയിലെത്തി. ഇൻഡ്യാ സഖ്യത്തിലെ എല്ലാ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഗാന്ധി സ്മൃതിയിൽ ദേശീയഗാനം ആലപിച്ചാണ് പ്രതിഷേധം അവസാനിച്ചത്.
What's Your Reaction?



