എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ; കേസ് അട്ടിമറി ആരോപണത്തിൽ നടപടി

Jul 23, 2026 - 20:28
Jul 23, 2026 - 20:28
 0
എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ; കേസ് അട്ടിമറി ആരോപണത്തിൽ നടപടി

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു.

ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്.

സസ്‌പെൻഷൻ ലഭിച്ചതോടെ എം.ആർ. അജിത് കുമാറിന്റെ പ്രമോഷനും ബാധിക്കപ്പെടും. ഡിജിപി റാങ്കിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കില്ല.

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലുള്ള എസ്‌ഐടി റിപ്പോർട്ട് ഡിജിപി ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.

ഗൺമാന്മാരുടെ മർദ്ദനക്കേസ് എം.ആർ. അജിത് കുമാർ അട്ടിമറിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തൽ. വിഷയത്തിൽ നേരത്തെ ഡിജിപി അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു.

രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതിന്റെ തെളിവുകൾ എസ്‌ഐടി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് തിരുത്തുകയും തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കമാണ് എസ്‌ഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അജിത് കുമാർ തന്നെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി.

ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങളിൽ പൊലീസ് ക്ലബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നും എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു.

ദുരന്തസമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായി മൊഴിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow