സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളിൽ ഉയരും; അഭിഭാഷകയായി പുതിയ റോള്‍

സിസ്റ്റർ ഡിസംബർ 20ന് അഭിഭാഷകയായി എൻറോൾ ചെയ്യും

Nov 12, 2025 - 14:46
Nov 12, 2025 - 14:46
 0
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളിൽ ഉയരും; അഭിഭാഷകയായി പുതിയ റോള്‍

കല്‍പ്പറ്റ: കന്യാസ്ത്രീ മഠങ്ങളിലെ വിഷയങ്ങളിൽ സഭാനേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയയായ സിസ്റ്റർ ലൂസി കളപ്പുരയുടെ ശബ്ദം ഇനി കോടതി മുറികളിൽ ഉയരും. എൽ.എൽ.ബി പരീക്ഷയിൽ 70 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ സിസ്റ്റർ ഡിസംബർ 20ന് അഭിഭാഷകയായി എൻറോൾ ചെയ്യും.

"നിയമ പഠനത്തിലേക്ക് തിരിയാൻ കാരണം എഫ്‌സിസി സന്യാസിനി സഭയും സഭാനേതൃത്വവുമാണ്. തനിക്കെതിരെ എടുത്ത അന്യായങ്ങളും കേസുകളും അതിന് പ്രേരണയായി," സിസ്റ്റർ ലൂസി പ്രതികരിച്ചു.
"നീതിപീഠങ്ങളുടെ മുന്‍പിൽ നീതിയും സത്യവും ജയിക്കാനുള്ള പോരാട്ടം തുടങ്ങും," എന്നും അവർ വ്യക്തമാക്കി.

2014-നും 2016-നും ഇടയിൽ കോട്ടയം കുറവിലങ്ങാടുള്ള മഠത്തിലെ കന്യാസ്ത്രീയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ബിഷപ്പിനെതിരെ സംസാരിച്ചതിനാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ (FCC) സിസ്റ്റർ ലൂസിക്കെതിരെ തിരിഞ്ഞത്. ഈ വിഷയത്തിൽ നിലപാട് എടുത്തതിനെത്തുടർന്ന് മാനന്തവാടിയിലെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ നിന്നാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പുറത്തുപോകേണ്ടി വന്നത്.

2019-ൽ പ്രസിദ്ധീകരിച്ച 'കർത്താവിൻ്റെ നാമത്തിൽ' എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീ മഠങ്ങളിലെ സന്യാസിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ അവർ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി.  സഭയുടെ പുറത്താക്കൽ നീക്കത്തെ ചെറുത്ത്, കോടതി വിധി വഴി ഇൻജക്ഷൻ നേടി കോൺവെൻ്റിൽ താമസിച്ച് കൊണ്ടാണ് സിസ്റ്റർ എൽഎൽബി എൻട്രൻസ് പരീക്ഷയെഴുതി സീറ്റ് നേടിയത്.

എറണാകുളം പൂത്തോട്ടയിലെ ശ്രീനാരായണ ലോ കോളേജിലാണ് സിസ്റ്റർ എൽ.എൽ.ബി പഠനം പൂർത്തിയാക്കിയത്. ഇവർ 2022-25 ബാച്ച് വിദ്യാർഥിനിയായിരുന്നു. കണ്ണൂർ കരിക്കോട്ടക്കരി കുഞ്ഞേട്ടൻ-റോസ ദമ്പതികളുടെ മകളാണ് റിട്ട. അധ്യാപിക കൂടിയായ ലൂസി കളപ്പുര.

What's Your Reaction?

like

dislike

love

funny

angry

sad

wow