കുടകിൽ കാട്ടാനയുടെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ജീവൻ നഷ്ടമായി
മൈസൂരു: കര്‍ണാടകയിലെ കുടകില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ മരിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്നലമട സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ സ്വന്തം കാപ്പിത്തോട്ടം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം.
തോട്ടത്തിലെ സാഹചര്യം വിലയിരുത്താനായി എത്തിയ സന്ധ്യയ്‌ക്കൊപ്പം മാനേജരും ഡ്രൈവറും ഉണ്ടായിരുന്നുവെന്നാണ് വിവരം
ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന കാട്ടാന അപ്രതീക്ഷിതമായി ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
അപകടം മനസിലാക്കിയ മാനേജറും ഡ്രൈവറും ഓടി രക്ഷപ്പെട്ടെങ്കിലും സന്ധ്യയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ഉടന്‍ തന്നെ ഗോണിക്കുപ്പയിലെ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വന്യജീവി ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്ക വീണ്ടും
ശക്തമായിരിക്കുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
What's Your Reaction?



