എംജി സർവകലാശാല സെനറ്റിലേക്കുള്ള ഗവർണർ നാമനിർദ്ദേശങ്ങൾ വിവാദത്തിൽ; ബിജെപി-ആർഎസ്എസ് ബന്ധം ചൂണ്ടിക്കാട്ടി വിമർശനം
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെനറ്റ് നാമനിര്‍ദ്ദേശങ്ങള്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗവും ബിജെപി-ആര്‍എസ്എസ് പശ്ചാത്തലമുള്ളവരാണെന്ന ആരോപണമാണ് ഉയരുന്നത്.
30 അംഗ സെനറ്റിലേക്ക് ഗവര്‍ണര്‍ പുറത്തുവിട്ട 19 അംഗ പട്ടികയിലാണ് ഈ വിമര്‍ശനം കേന്ദ്രീകരിക്കുന്നത്.
നാമനിര്‍ദ്ദേശം ലഭിച്ചവരില്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ്. മേഘ എന്നിവരും ഉള്‍പ്പെടുന്നു.
ബിജെപി അനുകൂല അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ട ചില നേതാക്കള്‍ക്കും പട്ടികയില്‍ ഇടം ലഭിച്ചിട്ടുണ്ട്.
സെനറ്റ് പുനഃസംഘടനയ്‌ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എസ്എഫ്‌ഐയും എഐഎസ്എഫും പരസ്യ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിഷയത്തില്‍ പ്രതികരിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സര്‍വകലാശാലയുടെ പ്രോ-ചാന്‍സിലര്‍ കൂടിയായ മന്ത്രി ഇത്തരം നിയമനങ്ങളെക്കുറിച്ച് അറിയാതെയാണോ നടപടികള്‍ നടന്നതെന്ന് സഞ്ജീവ് ചോദിച്ചു.
അങ്ങനെ ആണെങ്കില്‍ ആ സ്ഥാനത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെനറ്റിലേക്ക് എത്തിയവരില്‍ ഭൂരിഭാഗവും സംഘപരിവാര്‍ ബന്ധമുള്ളവരാണെന്നും, വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടായിട്ടില്ലാത്ത സംഭവവികാസങ്ങളാണ് ഇപ്പോള്‍ എംജി സര്‍വകലാശാലയില്‍ അരങ്ങേറുന്നതെന്നും, പുതിയ ഭരണപരമായ തീരുമാനങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വതന്ത്രതയെ ബാധിക്കുമോയെന്ന ആശങ്ക ശക്തമാകുകയാണെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.
What's Your Reaction?



