കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തിയില്‍ ജോർജ് എന്നയാളുടെ വീടിനു മുന്നിലായാണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ വീട്ടുടമ ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം. അതേസമയം സംഭവത്തിൽ കൊലപാതകം നടത്തിയെന്ന് വീട്ടുടമ ജോർജ് സമ്മതിച്ചു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി സ്ത്രീയെ എറണാകുളം സൗത്തിൽ നിന്നും കയറ്റി കൊണ്ട് വന്നതാണെന്നും മൊഴിയിൽ പറയുന്നു.
കൊല്ലപ്പെട്ട സ്ത്രീ സെക്സ് വർക്കറാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.