PM ശ്രീ പദ്ധതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; 'NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT പാഠപുസ്തകങ്ങളും പരിഗണിക്കാം'

മുന്‍ സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു

Jun 6, 2026 - 11:41
Jun 8, 2026 - 15:59
 0
PM ശ്രീ പദ്ധതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; 'NCERT പാഠപുസ്തകങ്ങൾ നിർബന്ധമല്ല, SCERT പാഠപുസ്തകങ്ങളും പരിഗണിക്കാം'

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. വിഷയം വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തുടര്‍നടപടികളെന്ന് മന്ത്രി വ്യക്തമാക്കി.

യു.ഡി.എഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ തുടര്‍ച്ചയായാണ് പ്രവര്‍ത്തിക്കുന്നതെന്നും, മുന്‍ സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും, പിന്നീട് ഉയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്നാണ് പദ്ധതി മുന്നോട്ട് പോകാതെ മരവിപ്പിക്കപ്പെട്ടതെന്നും മന്ത്രി വിശദീകരിച്ചു.

നിലവില്‍ വിഷയത്തില്‍ അടിയന്തര തീരുമാനം ആവശ്യമായ സാഹചര്യമില്ലെന്നും, എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നിര്‍ബന്ധമാക്കേണ്ട സാഹചര്യമില്ലെന്നും, എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ കേന്ദ്ര നിര്‍ദേശങ്ങളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സിലബസിന് കീഴിലുള്ള എസ്‌.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍.

അതേസമയം, പദ്ധതിയുടെ ഭാഗമായി കേന്ദ്രം നിര്‍ദേശിക്കുന്ന ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുന്ന പി.എം ശ്രീ ബോര്‍ഡുകള്‍ സ്കൂളുകളില്‍ സ്ഥാപിക്കേണ്ടതും പദ്ധതിയുടെ ഭാഗമായിരിക്കും.

കൂടാതെ, സമഗ്ര ശിക്ഷ കേരള (SSK) ഫണ്ടുകളുടെ ലഭ്യത സംസ്ഥാനത്തിന് പ്രധാനപ്പെട്ടതാണെന്നും, പദ്ധതിയില്‍ നിന്ന് പിന്മാറിയാല്‍ ഇത്തരം ധനസഹായങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പദ്ധതിയുടെ ഗുണദോഷങ്ങള്‍ പരിശോധിച്ച ശേഷമുള്ള അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിഷയത്തില്‍ വകുപ്പ് സെക്രട്ടറിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും, യു.ഡി.എഫിനകത്തും ചര്‍ച്ചകള്‍ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ ആവര്‍ത്തിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow