ക്യാമ്പസുകളിൽ റാഗിങ് തടയാൻ 'സിദ്ധാർത്ഥ് ആക്ട്'; പുതിയ ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങളുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തുടച്ചുനീക്കുന്നതിനായി വിപ്ലവകരമായ പദ്ധതികളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടർന്ന് ദാരുണമായി കൊല്ലപ്പെട്ട വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥന്റെ സ്മരണാർത്ഥം 'സിദ്ധാർത്ഥ് ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്' എന്ന പേരിൽ പുതിയ നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ക്യാമ്പസുകളിൽ റാഗിങ് തടയുന്നതിനൊപ്പം വിദ്യാർത്ഥി വൈവിധ്യങ്ങൾക്ക് (സ്റ്റുഡന്റ് ഡൈവേഴ്‌സിറ്റി) മുൻഗണന നൽകുമെന്നും, ജെഎൻയു മാതൃകയിൽ ഇന്ത്യയുടെ പരിച്ഛേദമായി കേരളത്തിലെ ക്യാമ്പസുകളെ മാറ്റുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ക്യാമ്പസുകളിൽ റാഗിങ് തടയുന്നതിനായി പ്രത്യേക 'ഡിസ്ട്രസ് ആപ്പ്' പുറത്തിറക്കും. ഇതിന് പുറമെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കൃത്യമായി അന്വേഷിച്ച് പരിഹരിക്കുന്നതിനായി എല്ലാ കോളേജുകളിലും ഒംബുഡ്‌സ്മാൻ സംവിധാനവും നിലവിൽ വരും. ക്യാമ്പസുകളിലെ അമിത രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാൻ അക്കാഡമിക് കൗൺസിലുകൾ രൂപീകരിക്കുമെന്നും, ബിരുദധാരികൾക്ക് ജോലി ലഭ്യത ഉറപ്പാക്കുന്ന തരത്തിലുള്ള ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്‌സുകളും ആരംഭിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
2024 ഫെബ്രുവരിയിലായിരുന്നു പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർത്ഥൻ ദിവസങ്ങളോളം ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും ക്രൂരമായ ആൾക്കൂട്ട വിചാരണയ്ക്കും ഇരയായിരുന്നുവെന്ന് കോളേജിലെ ആന്റി റാഗിങ് സ്ക്വാഡ് തന്നെ പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്യാമ്പസുകളെ ഭയരഹിതമാക്കാൻ സർക്കാർ പുതിയ നിയമനിർമ്മാണത്തിലേക്ക് കടക്കുന്നത്.
What's Your Reaction?



