കോക്രോച്ച് ജനതാ പാർട്ടി ഇന്ന് സമരരംഗത്ത്; ഡൽഹി പ്രതിഷേധത്തിന് പോലീസ്പച്ചക്കൊടി ലഭിച്ചേക്കും

Jun 6, 2026 - 07:48
Jun 6, 2026 - 07:48
 0
കോക്രോച്ച് ജനതാ പാർട്ടി ഇന്ന് സമരരംഗത്ത്; ഡൽഹി പ്രതിഷേധത്തിന് പോലീസ്പച്ചക്കൊടി ലഭിച്ചേക്കും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നു. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ രാവിലെ തലസ്ഥാനത്ത് എത്തിച്ചേരും. തുടർന്ന് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും ജന്തർ മന്തറിലേക്കും അനുയായികൾ എത്തിച്ചേരാനാണ് സിജെപി നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

സിജെപിയുടെ പ്രതിഷേധത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ ശ്രദ്ധേയമാണ്. സിപിഐ ദേശീയ കൗൺസിൽ അംഗം ആനി രാജ, നടൻ പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്‌എഫ്‌ഐയും ഐസയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടി ആദ്യമായി തെരുവിലിറങ്ങുമ്പോൾ അതിന്റെ രാഷ്ട്രീയ പ്രതിഫലനം എന്താകുമെന്നതാണ് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രം. ജന്തർ മന്തറിലെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപേക്ഷ ലഭിച്ചാൽ നിയമാനുസൃതമായി തീരുമാനമെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

പ്രതിഷേധം സമാധാനപരമായി കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂഡൽഹി ജില്ലയെ 12 സുരക്ഷാ സോണുകളായി വിഭജിക്കുകയും ഓരോ സോണിനും പ്രത്യേക ചുമതലകൾ നൽകുകയും ചെയ്തിട്ടുണ്ട്. ജന്തർ മന്തർ മേഖലയിൽ മാത്രം രണ്ടായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരുടെ വസതികൾക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് മാർഗനിർദേശങ്ങളും സിജെപി നേതൃത്വം പുറത്തിറക്കിയിട്ടുണ്ട്. ദേശീയ പതാകയും ഒരു പുസ്തകവും കൈവശം കരുതണമെന്നും വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങളാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. സമരത്തിന്റെ ദൃശ്യങ്ങളും സംഭവവികാസങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ രേഖപ്പെടുത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊലീസുമായി സഹകരിക്കണമെന്നും പ്രകോപനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടി നൽകാതിരിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. പൂക്കൾ പൊലീസിന് കൈമാറി നന്ദി അറിയിക്കണമെന്നും പ്രതിഷേധം പൂർണമായും സമാധാനപരമായിരിക്കണമെന്നും നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ വെള്ളവും ഭക്ഷണവും കരുതണമെന്നും ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന്റെ പ്രധാന ആവശ്യമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow