ഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച പരാമർശത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്പദമാണ്. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സത്യവാങ് മൂലത്തിൽ ഒപ്പു വച്ച് നൽകുക, അല്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പു പറയുക എന്നീ നിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവർ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ഒരു കോടി വോട്ടുകളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അധികമായി പോൾ ചെയ്തത്. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷനോട് അഞ്ചു ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു.
ഡിജിറ്റൽ പതിപ്പുകൾ നൽകാത്തതെന്ത്? വീഡിയോ ദൃശ്യം നൽകാത്തതെന്ത്? വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതെന്തിന്? ബിജെപിയുടെ ഏജന്‍റായി പ്രവർത്തിക്കുന്നത് എന്തിന്?-എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.