അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താൽപര്യങ്ങൾക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതാണ്

Aug 8, 2025 - 17:48
Aug 8, 2025 - 19:28
 0  6
അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താൽപര്യങ്ങൾക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി 'താരിഫ് യുദ്ധ'ത്തിന്റെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
 
ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതാണെന്നും രാജ്യം ഒറ്റക്കെട്ടായി അമേരിക്കൻ നിലപാടിനെ എതിർക്കേണ്ടതാണെന്നും ധനമന്ത്രി പറഞ്ഞു.
 
ഡോണാൾഡ് ട്രംപ് സ്വീകരിച്ച അധിക ചുങ്കനടപടികൾ കേരളത്തിന്റെ പ്രധാന കയറ്റുമതി മേഖലകളായ ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്‌സ്‌റ്റൈൽസ്, കശുവണ്ടി, കയർ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക സമ്മർദ്ദത്തേക്കാൾ ഗുരുതരമായ തിരിച്ചടിയാണ് താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകാൻ പോകുന്നത്.
 
അതിനൊപ്പം, തീരുവ കുറക്കുന്ന രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ശക്തമായ മത്സര സമ്മർദ്ദം സൃഷ്ടിക്കും. ഉദാഹരണത്തിന്, യു.കെ. ആഡംബര കാറുകളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാന ജിഎസ്ടി വരുമാന സ്രോതസ്സായ ഓട്ടോമൊബൈൽ മേഖലക്ക് ഇത് വെല്ലുവിളിയാകും. വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴേ തൊഴിലവസരങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുകയുള്ളൂ.
 
സ്‌കാൻഡിനേവിയൻ രാജ്യങ്ങളും ഓസ്‌ട്രേലിയയും ഇന്ത്യയേക്കാൾ വില കുറഞ്ഞ പാലും പാൽ ഉൽപ്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന പക്ഷം, ആഭ്യന്തര ക്ഷീരമേഖലയെയും ഗൗരവമായി ബാധിക്കും.
 
സംസ്ഥാന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടത്തിൽ പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയായി വർധിപ്പിച്ചതായും ധനമന്ത്രി അറിയിച്ചു. ഒരു ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
 
 ലോകത്ത് എവിടെയും ലഭ്യമല്ലാത്ത ഇൻഷുറൻസ് പരിരക്ഷയാണ് മെഡിസെപ്പ് നൽകുന്നത്. പരാതികളും നിർദേശങ്ങളും പരിഗണിച്ച് പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുമെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow