എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി
കോടതി ഉത്തരവിൽ പരാതിക്കാരിയുടെ നടപടികളെ ചോദ്യം ചെയ്യുന്ന സുപ്രധാന നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. കേസിൽ രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിൻ്റെ കൂടുതൽ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോടതി ഉത്തരവിൽ പരാതിക്കാരിയുടെ നടപടികളെ ചോദ്യം ചെയ്യുന്ന സുപ്രധാന നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് പോലീസിൽ ആദ്യം പരാതിപ്പെടാതെ കെ.പി.സി.സി.ക്ക് പരാതി നൽകിയതെന്നും, പരാതി നൽകാൻ എന്തുകൊണ്ട് ഇത്രയധികം വൈകിയെന്നും കോടതി ചോദിച്ചു.
"പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണ്," എന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. പരാതി നൽകാൻ വൈകിയതിന് യുവതി മൊഴികളിൽ പല കാരണങ്ങളാണ് ഉന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി: കെ.പി.സി.സി. പ്രസിഡൻ്റിന് നൽകിയ പരാതിയിൽ, രാഹുലിനെയും രാഹുലിൻ്റെ സുഹൃത്തുക്കളെയും ഭയമുണ്ടെന്നാണ് പരാതി നൽകാൻ വൈകിയതിന് കാരണമായി പറഞ്ഞിരുന്നത്.
തൻ്റെ കുടുംബത്തെ ബാധിക്കുമെന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പിന്നീട് മറ്റൊരു മൊഴിയിൽ പറയുന്നു. എന്നാൽ മറ്റൊരിടത്ത്, രാഹുൽ തന്നെ എപ്പോഴെങ്കിലും വിവാഹം ചെയ്യുമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു, അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ആദ്യ പരാതി പോലീസിനല്ല, മറിച്ച് കെ.പി.സി.സി. പ്രസിഡൻ്റിനാണ് നൽകിയതെന്നും മുൻകൂർ ജാമ്യ ഉത്തരവിൽ കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
What's Your Reaction?

