ഒന്‍പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
ദൃഷാനയുടെ കേസിൽ ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണ്ണായകമായി
കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന ഒന്‍പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസമായി കോടതി വിധി. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വടകര എം.എ.സി.ടി. (മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രിബ്യൂണൽ) കോടതി വിധിച്ചു. ഇൻഷുറൻസ് കമ്പനിയാണ് ഈ തുക നൽകേണ്ടത്.
ദൃഷാനയുടെ കേസിൽ ഹൈക്കോടതിയുടെയും ലീഗൽ സർവീസ് അതോറിറ്റിയുടെയും ഇടപെടൽ നിർണ്ണായകമായി. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുന്ന ദൃഷാനയുടെ തുടർചികിത്സയ്ക്ക് പാവപ്പെട്ട മാതാപിതാക്കൾ വലിയ സാമ്പത്തിക പ്രയാസം നേരിടുന്നതിനിടെയാണ് കോടതിയുടെ ഈ വിധി.
ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ, സംഭവം നടന്ന് പത്ത് മാസത്തിന് ശേഷം പോലീസ് കണ്ടെത്തുകയും വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയെ നാട്ടിലെത്തിക്കുകയും ചെയ്തത് വലിയ വാർത്താശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 17 ന് രാത്രിയാണ് വടകര ചോറോട് വെച്ച് ദൃഷാനയെയും മുത്തശ്ശി ബേബിയെയും അമിത വേഗതയിലെത്തിയ കാർ ഇടിച്ചിട്ട് കടന്നുകളഞ്ഞത്. ഈ അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി ബേബി മരിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ കഴിഞ്ഞിരുന്ന ദൃഷാനയുടെ ദുരിത ജീവിതത്തെക്കുറിച്ചും കാർ കണ്ടെത്താത്ത പോലീസ് അനാസ്ഥയെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകളെത്തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
തുടർന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അസാധാരണമായ അന്വേഷണത്തിനൊടുവിൽ ഇടിച്ചിട്ട കാർ കണ്ടെത്തുകയും, വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിയും പുറമേരി സ്വദേശിയുമായ ഷെജീലിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
What's Your Reaction?

