കണ്ണൂരില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണുമരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍
കുഞ്ഞിനെ അമ്മ തന്നെയാണ് കിണറ്റിൽ എറിഞ്ഞതെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ ലഭിക്കുന്ന പ്രാഥമിക സൂചന
കണ്ണൂർ: കുറുമാത്തൂർ പൊക്കുണ്ടിനടുത്ത് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണുമരിച്ച സംഭവത്തിൽ ദുരൂഹത. കുഞ്ഞിനെ അമ്മ തന്നെയാണ് കിണറ്റിൽ എറിഞ്ഞതെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ ലഭിക്കുന്ന പ്രാഥമിക സൂചന. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിനു സമീപം സയലൻ്റ് റോഡ് സ്ട്രീറ്റ് നമ്പർ 2-ൽ ഹിലാൽ മൻസിലിൽ ടി.കെ. ജാബിറിൻ്റെയും മൂലക്കൽ പുതിയ പുരയിൽ മുബഷിറയുടെയും മകൻ ആമിഷ് അലൻ ആണ് ഇന്നലെ (നവംബർ 3, ചൊവ്വാഴ്ച) രാവിലെ 10 മണിയോടെ വീടിനോട് ചേർന്ന കിണറ്റിൽ വീണ് മരിച്ചത്.
കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറി അബദ്ധത്തിൽ കിണറ്റിൽ വീണെന്നാണ് മുബഷിറ ആദ്യം ബന്ധുക്കളോടും പോലീസിനോടും പറഞ്ഞത്. ഗ്രില്ലും ആൾമറയും ഉള്ള കിണറ്റിൽ കുട്ടി അബദ്ധത്തിൽ വീണു എന്ന മൊഴിയിൽ ഇന്നലെ മുതൽ തന്നെ പോലീസിനും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് തന്നെ മുബഷിറയെ ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ ചോദ്യം ചെയ്യൽ തുടർന്നതോടെയാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞതാണെന്ന നിർണായക സൂചന പോലീസിന് ലഭിച്ചത്. മുബഷിറ നിലവിൽ പോലീസ് കസ്റ്റഡിയിൽ സ്വന്തം വീട്ടിലാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ വൈകിട്ടോടെയേ പറയാൻ സാധിക്കൂ എന്ന് ഡിവൈഎസ്പി അറിയിച്ചു. കുട്ടിയുടെ പിതാവ് ജാബിർ കുടക് കുശാൽ നഗറിൽ വ്യാപാരിയാണ്. സഫ, അൽത്താഫ്, അമൻ എന്നിവരാണ് ആമിഷ് അലൻ്റെ സഹോദരങ്ങൾ.
What's Your Reaction?

