ശബരിമല സ്വർണക്കൊള്ള; ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രം ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്

Feb 10, 2026 - 12:12
Feb 10, 2026 - 12:12
 0
ശബരിമല സ്വർണക്കൊള്ള; ജ്വല്ലറി ഉടമ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധന് സുപ്രീം കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഗോവർധന്റെ ജാമ്യാപേക്ഷ തള്ളി.

കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മാത്രം ജാമ്യത്തിനായി കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

താൻ ഒരു അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ഗോവർധൻ ഹർജിയിൽ പറഞ്ഞിരുന്നത്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സുഹൃത്തെന്ന നിലയിൽ പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയിട്ടുണ്ട്. ശബരിമലയിലെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.

പണം നൽകിയതിന് ശേഷം പകരമായാണ് സ്വർണം വാങ്ങിയതെന്നും തട്ടിപ്പാണെന്ന് അറിഞ്ഞല്ല ഇതിന് കൂട്ടുനിന്നതെന്നും ഗോവർധൻ മൊഴി നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. എന്നാൽ, ഗോവർധന്റെ വാദങ്ങൾ അന്വേഷണ സംഘം തള്ളി. സ്വർണം ദേവസ്വം സ്വത്താണെന്നും ശബരിമലയിൽ നിന്ന് മോഷ്ടിച്ചതാണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർധൻ ഇടപാടുകൾ നടത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി മോഷ്ടിച്ച സ്വർണം വാങ്ങിയത് വഴിയാണ് ഗോവർധൻ കേസിലകപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow