പുണ്യത്തിന്റെ വസന്തം; കേരളത്തിൽ റമദാൻ വ്രതാരംഭം; പ്രാർഥനാനിരതമായി മുപ്പത് നാളുകൾ
ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധീകരണത്തിന്റെ പുണ്യകാലമാണ്
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം ആരംഭിച്ചതോടെ പള്ളികളും ഭവനങ്ങളും പ്രാർഥനകളാൽ മുഖരിതമായി.
ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധീകരണത്തിന്റെ പുണ്യകാലമാണ്. പുലർച്ചെ മുതൽ വൈകുന്നേരം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വിശ്വാസികൾ വ്രതമനുഷ്ഠിക്കുന്നു. വിശപ്പറിയുന്നതിനൊപ്പം വാക്കിലും പ്രവൃത്തിയിലും തെറ്റുകൾ വരാതിരിക്കാനുള്ള ജാഗ്രതയും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ക്ഷമ, സഹനം, കാരുണ്യം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിലാണ് വ്രതം പൂർണ്ണമാകുന്നത്.
വ്രതാനുഷ്ഠാനത്തിനൊപ്പം ഖുർആൻ പാരായണത്തിനും അത് ജീവിതത്തിൽ പകർത്തുന്നതിനും വിശ്വാസികൾ സമയം കണ്ടെത്തുന്നു. പ്രാർഥനകൾക്കൊപ്പം തന്നെ ദാനധർമ്മങ്ങൾക്കും (സക്കാത്ത്) വലിയ പ്രാധാന്യമുള്ള മാസമാണ് റമദാൻ. സമ്പത്ത് ശുദ്ധീകരിക്കുന്നതിനൊപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിനും ഈ മാസം വിശ്വാസികൾ വിനിയോഗിക്കുന്നു. പള്ളികളിൽ തറാവീഹ് ഉൾപ്പെടെയുള്ള പ്രത്യേക പ്രാർഥനകൾ നടക്കും.
നോമ്പുതുറകളെ വരവേൽക്കാൻ വിപണികൾ നേരത്തെ തന്നെ സജീവമായിക്കഴിഞ്ഞു. പഴവർഗങ്ങൾക്കും ഈത്തപ്പഴത്തിനും വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിൽ വിവിധയിടങ്ങളിൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഇഫ്താർ വിരുന്നുകളും സംഗമങ്ങളും നടക്കും. മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മതപ്രഭാഷണങ്ങളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?



