'നേതൃത്വത്തെ അണികൾ തിരുത്തണം', വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പ്രകാശനം ചെയ്തു
രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്തു
കണ്ണൂർ: സി.പി.എം പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം കണ്ണൂരിൽ പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വിപ്ലവകരമായ തലക്കെട്ടോടെ പുറത്തിറങ്ങിയ പുസ്തകം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്തു. പ്രൊഫ. എം.എൻ. വിജയന്റെ മകൻ വി.എസ്. അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. പാർട്ടിയുടെ ഭീഷണി നിലനിൽക്കെ തന്നെ വലിയൊരു ജനക്കൂട്ടമാണ് ചടങ്ങിനെത്തിയത്. ഇൻക്വിലാബ് വിളികളോടെയാണ് പുസ്തകം പുറത്തിറക്കിയത്.
പാർട്ടി പ്രവർത്തകർ ചടങ്ങ് തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്ന കുഞ്ഞികൃഷ്ണന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം കനത്ത പോലീസ് സുരക്ഷയിലാണ് ചടങ്ങ് നടന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും തേജോവധം ചെയ്യാനുമാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങ് മാറ്റിവെച്ചതായി വ്യാജപ്രചാരണം നടന്നു. സദസ്സിൽ പറയാൻ കഴിയാത്ത വിധം മോശമായ സന്ദേശങ്ങൾ തനിക്ക് അയക്കുന്നുണ്ടെന്നും ഗീബൽസിയൻ തന്ത്രങ്ങളിലൂടെ തന്നെ ഒതുക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
വി.എസ്. അച്യുതാനന്ദൻ പറഞ്ഞ നിലപാടുകൾ തന്നെയാണ് കുഞ്ഞികൃഷ്ണനും ഉയർത്തുന്നതെന്ന് ജോസഫ് സി. മാത്യു പറഞ്ഞു. സത്യത്തിനൊപ്പം നിന്നതിനാണ് വി.എസിനെ പിബിയിൽ നിന്ന് ഒഴിവാക്കിയത്. പാർട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത പാർട്ടിക്കുണ്ടോ എന്ന് അദ്ദേഹം ചോദ്യമുയർത്തി.
What's Your Reaction?

