ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്; തെളിവുണ്ടെന്ന് ഹൈക്കോടതി; ഇനി കടുത്ത നടപടി

Feb 9, 2026 - 21:36
Feb 9, 2026 - 21:36
 0
ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്; തെളിവുണ്ടെന്ന് ഹൈക്കോടതി; ഇനി കടുത്ത നടപടി

കൊച്ചി: ശബരിമല സന്നിധാനത്ത് നടന്ന സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവ്. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്‌ഐടി) അന്വേഷണത്തിലാണ് സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.

സന്നിധാനത്തെ പാളികളിൽ നിന്ന് മുൻപുണ്ടായിരുന്ന സ്വർണ പ്ലേറ്റുകൾ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വർണം വളരെ നേർത്ത രീതിയിൽ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോൾ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിളപ്പാളി കേസിൽ ഒരാളെയും ഉടൻ പ്രതിചേർക്കുമെന്നും ഇവരുടെ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ദ്വാരപാലക പാളികൾ പരിശോധിച്ചതിൽ ഏകദേശം 3 കിലോ 700 ഗ്രാം തൂക്കത്തിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. നിലവിലുള്ള പാളികൾ അപ്പാടെ മാറ്റിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. കേരളത്തിലെ ഫോറൻസിക് ലാബുകളിൽ ലഭ്യമല്ലാത്ത അത്യാധുനിക പരിശോധനകൾ നടത്താൻ കോടതി നിർദ്ദേശിച്ചു. എക്‌സ്റേ ഫ്‌ലൂറസൻസ് സ്‌പെക്ട്രോസ്‌കോപ്പി, ഐസിപിഎംഎസ് തുടങ്ങിയ പരിശോധനകൾക്കായി ബാബ അറ്റോമിക് റിസർച്ച് സെന്ററിലേക്കോ മറ്റ് കേന്ദ്ര ലാബുകളിലേക്കോ സാമ്പിളുകൾ അയക്കും.

1998 മുതൽ 2025 വരെയുള്ള കാലയളവിലെ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. 1998-ൽ സന്നിധാനത്ത് ഉണ്ടായിരുന്നത് തനി തങ്കമായിരുന്നോ എന്ന് പരിശോധിക്കും. പഴയ ശ്രീകോവിൽ വാതിൽ ഇപ്പോൾ എവിടെയാണെന്ന്  കണ്ടെത്തേണ്ടതുണ്ട്.  ദ്വാരപാലക പാളികൾ, കട്ടളപ്പാളികൾ എന്നിവയിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരിശോധനകൾ,  2025 വരെയുള്ള കാലയളവിൽ നടന്ന മാറ്റങ്ങളും പുതിയതായി ഉയർന്നുവന്ന കുറ്റകൃത്യങ്ങളും എന്നിങ്ങനെയാണ് അന്വേഷണം നടക്കുക. കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ വിഷയമാണ്. ഹൈദരാബാദിലെ ഫീനിക്‌സ് കമ്പനി കൊടിമര നിർമ്മാണത്തിനായി 3.2 കോടി രൂപ നൽകിയിരുന്നു. എന്നാൽ ഇതിനു പുറമെ ഭക്തർ സമർപ്പിച്ച സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ പക്കൽ കൃത്യമായ രേഖകളില്ലെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പ്രത്യേക ടീമിനെ രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഈ മാസം 12-ാം തീയതി പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി വിദഗ്ധരുടെ സഹായത്തോടെ സാമ്പിളുകൾ ശേഖരിക്കും. ഇതിനുശേഷം കേന്ദ്ര ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലം വരുന്നതോടെ സ്വർണക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

 

What's Your Reaction?

like

dislike

love

funny

angry

sad

wow