'കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല'; വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ

May 7, 2026 - 13:19
May 7, 2026 - 13:20
 0
'കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല'; വി.ഡി. സതീശനെതിരെ നിലപാട് കടുപ്പിച്ച് കെ. സുധാകരൻ

കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ വി.ഡി. സതീശനെതിരെ പരസ്യ നിലപാടുമായി  കെ. സുധാകരൻ. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല ഉള്ളതെന്നും ഒരുപാട് സതീശന്മാരുള്ള പാർട്ടിയാണിതെന്നുമായിരുന്നു സുധാകരന്റെ പരാമർശം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്റെ പേര് സജീവമായി ഉയരുന്നതിനിടെയാണ് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സുധാകരൻ ഇത്തരമൊരു പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ പിന്തുണ അനിവാര്യമാണെന്ന് സുധാകരൻ വ്യക്തമാക്കി. ഭൂരിപക്ഷം കണ്ടെത്തേണ്ടത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. തന്നെ പിന്തുണയ്ക്കുന്നവരെ താനും പിന്തുണയ്ക്കുമെന്നും എന്നാൽ അത് ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് നിരീക്ഷകർക്ക് മുന്നിൽ താൻ ഒരു പ്രത്യേക ഫോർമുല വെച്ചിട്ടുണ്ട്. അത് രഹസ്യമാണെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎൽഎമാരുടെ പിന്തുണയ്ക്ക് പുറമെ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം കൂടി പരിഗണിച്ചായിരിക്കണം അന്തിമ തീരുമാനമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് അവസരം നൽകേണ്ടതില്ലേ എന്ന ചോദ്യത്തിന്, ഇക്കാര്യത്തിൽ സതീശന് തന്നെ അഭിപ്രായമുണ്ടാകുമെന്നും അത് അദ്ദേഹം പറയുമെന്നുമായിരുന്നു സുധാകരന്റെ മറുപടി. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ എന്നും പേര് പ്രഖ്യാപിക്കുമ്പോൾ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow