ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി

ശബരിമല ശ്രീകോവിലിലേക്ക് നിർമ്മിച്ച സ്വർണ്ണപ്പാളികൾ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

Feb 10, 2026 - 11:07
Feb 10, 2026 - 11:07
 0
ശബരിമല സ്വർണക്കൊള്ള: എസ്.ഐ.ടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ശക്തമാക്കുന്നു. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി അടുത്ത ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് ജയറാമിന് ഇ.ഡി നോട്ടീസ് നൽകി.

കേസിലെ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വ്യക്തത തേടാനാണ് ഇ.ഡി ഒരുങ്ങുന്നത്. നേരത്തെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) ചെന്നൈയിലെ വീട്ടിലെത്തി ജയറാമിന്റെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയായ ഇ.ഡിയും നടനെ ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്.

ശബരിമല ശ്രീകോവിലിലേക്ക് നിർമ്മിച്ച സ്വർണ്ണപ്പാളികൾ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സംഭവം ജയറാം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളികൾ വീട്ടിൽ പൂജിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞതനുസരിച്ചാണ് അത് ചെയ്തതെന്നാണ് ജയറാമിന്റെ വിശദീകരണം.

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചുള്ള പരിചയം മാത്രമാണെന്നും സാമ്പത്തിക ഇടപാടുകൾ ഇല്ലെന്നുമാണ് ജയറാം എസ്.ഐ.ടിയോട് പറഞ്ഞിരുന്നത്. എന്നാൽ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ സാമ്പത്തിക നേട്ടങ്ങളിലോ ജയറാമിന് പങ്കുണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. ചൊവ്വാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരാകുമ്പോൾ നൽകുന്ന മൊഴി കേസിൽ നിർണ്ണായകമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow