മണിപ്പൂരിൽ വീണ്ടും സംഘർഷം; ഉഖ്രൂലിൽ നിരോധനാജ്ഞ, അമ്പതോളം വീടുകൾക്ക് തീയിട്ടു
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻതോതിൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്
ഇംഫാൽ: മണിപ്പൂരിലെ ഉഖ്രൂൽ ജില്ലയിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിനെത്തുടർന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളിൽ അമ്പതോളം വീടുകൾക്ക് തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻതോതിൽ കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലയാണ് ഉഖ്രൂൽ. ഇവിടെ കുക്കി-നാഗാ യുവാക്കൾ തമ്മിലുണ്ടായ നിസ്സാരമായ തർക്കമാണ് പിന്നീട് വലിയ തോതിലുള്ള അക്രമത്തിലേക്ക് വഴിമാറിയത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ നിലവിൽ പ്രദേശം ശാന്തമാണെങ്കിലും കനത്ത ജാഗ്രത തുടരുകയാണ്.
കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അക്രമം പടരാതിരിക്കാൻ കൂടുതൽ കേന്ദ്രസേനയെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. നിലവിൽ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണിപ്പൂരിലെ ഗോത്രവർഗങ്ങൾക്കിടയിലെ അസ്വസ്ഥതകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
What's Your Reaction?

