റിപ്പബ്ലിക് ദിനത്തിൽ മാംസവിൽപനയ്ക്ക് നിരോധനം; ഒഡീഷയിലെ കലക്ടറുടെ നടപടി വിവാദത്തിൽ
ജനുവരി 26 തിങ്കളാഴ്ച ജില്ലയിലുടനീളം ഇറച്ചി, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപന പാടില്ലെന്നാണ് കർശന നിർദ്ദേശം
കോറാപുത്ത്: രാജ്യം 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒഡിഷയിലെ കോറാപുത്ത് ജില്ലയിൽ മാംസഭക്ഷണ വിൽപനയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ മനോജ് സത്യവാൻ മഹാജൻ ഉത്തരവിറക്കി. ജനുവരി 26 തിങ്കളാഴ്ച ജില്ലയിലുടനീളം ഇറച്ചി, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപന പാടില്ലെന്നാണ് കർശന നിർദ്ദേശം.
കോറാപുത്ത് ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ പ്രദേശങ്ങളിലും നിരോധനം ബാധകമാണ്. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ തഹസീൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും കലക്ടർ നിർദ്ദേശം നൽകി.
ദേശീയ ദിനത്തിന്റെ പവിത്രതയും അച്ചടക്കവും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ആദരസൂചകമായി അന്ന് സസ്യാഹാരം തിരഞ്ഞെടുക്കണമെന്നും ഭരണകൂടം അഭ്യർത്ഥിച്ചു.
ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ആരോപിച്ച് ഉത്തരവിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ രംഗത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കുന്ന ദിവസം തന്നെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഉത്തരവിറക്കിയത് വിരോധാഭാസമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗോത്രവർഗക്കാർ കൂടുതലുള്ള ജില്ലയിൽ ഇത്തരം നിരോധനങ്ങൾ ഏകപക്ഷീയമാണെന്നും അടിച്ചേൽപ്പിക്കലാണെന്നും കോൺഗ്രസ് എം.പി സപ്തഗിരി ഉലക ഉൾപ്പെടെയുള്ളവർ വിമർശിച്ചു. ഒരു ദിവസത്തെ നിരോധനം ചെറുകിട മാംസ-മത്സ്യ വ്യാപാരികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും വിമർശനമുണ്ട്.
What's Your Reaction?