ഡ്രൈവിങ് ടെസ്റ്റിൽ വീണ്ടും മാറ്റം; ഇനി പ്രതിദിനം 50 പേർക്ക് പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നടപടികളിൽ വീണ്ടും മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതും അപേക്ഷകൾ കെട്ടിക്കിടക്കുന്നതുമെന്ന പരാതിയെ തുടർന്നാണ് നടപടി.
പുതിയ ഉത്തരവ് പ്രകാരം പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. നടപടികളുടെ മേൽനോട്ടത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.
ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരേ ദിവസം നടത്തരുതെന്ന നിബന്ധനയും പിൻവലിച്ചു. മറ്റ് ജോലികൾ മാറ്റിവെച്ചാലും മൂന്ന് മാസത്തിനകം കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും തീർപ്പുണ്ടാക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദേശിച്ചു.
ആദ്യ ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടവർക്ക് എട്ട് ദിവസത്തിനകം രണ്ടാം ടെസ്റ്റിന് അവസരം നൽകണം. ലേണേഴ്സ് ലൈസൻസിനായുള്ള അപേക്ഷ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ടെസ്റ്റിന്റെ തീയതി അനുവദിക്കണമെന്നും സർക്കുലറിൽ പറയുന്നു.
മൂന്ന് മാസത്തിന് ശേഷം ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ കൂടുതൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതും പരിഗണനയിലാണ്.
ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടത്തിപ്പിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ടെസ്റ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഒരു എംവിഐയും എഎംവിഐയും ചേർന്ന് ദിവസേന 60 വരെ ടെസ്റ്റുകൾ നടത്തിയിരുന്നത് 40 ആയി ചുരുക്കിയതോടെ അപേക്ഷകൾ കെട്ടിക്കിടക്കുകയും ലൈസൻസിനായി കാത്തിരിക്കുന്നവരുടെ പരാതികൾ ഉയരുകയും ചെയ്തു.
ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരമാവധി പഴക്കം 18 വർഷമാക്കൽ, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളും അന്നത്തെ ഉത്തരവിലുണ്ടായിരുന്നു. ഡ്രൈവിങ് സ്കൂളുകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാഹനങ്ങളുടെ പരമാവധി പഴക്കം പിന്നീട് 22 വർഷമാക്കി ഉയർത്തുകയും ഡ്രൈവിങ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ നിർബന്ധമായും ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു.
What's Your Reaction?



