'ജവാന്' പിന്നാലെ ഇനി 'മലബാർ മിസ്റ്ററി'; സർക്കാർ മദ്യത്തിന്റെ പേര് നിശ്ചയിച്ചു, ഉദ്ഘാടനം 21-ന്
പുതിയ ബ്രാൻഡിന് പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയപ്പോൾ ലഭിച്ച 40,000 പേരുകളിൽ നിന്ന് ‘മലബാർ മിസ്റ്റ്’ എന്നായിരുന്നു ആദ്യം തിരഞ്ഞെടുത്തത്
കോട്ടയം: കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന് ‘മലബാർ മിസ്റ്ററി’ എന്ന് പേരിട്ടു. പാലക്കാട് ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാകും പേരിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക.
പുതിയ ബ്രാൻഡിന് പേര് നിർദേശിക്കാൻ ബവ്‌കോ അവസരം നൽകിയപ്പോൾ ലഭിച്ച 40,000 പേരുകളിൽ നിന്ന് ‘മലബാർ മിസ്റ്റ്’ എന്നായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനെത്തുടർന്ന് അധികൃതർ തന്നെ ‘മലബാർ മിസ്റ്ററി’ എന്ന പേര് നിശ്ചയിക്കുകയായിരുന്നു.
75,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്ലാന്റിൽ ദിവസം 13,500 കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാൻ സാധിക്കും. തുടക്കത്തിൽ അര ലിറ്ററിന്റെ കുപ്പികളാകും വിപണിയിലെത്തുക. നിലവിൽ ജനപ്രിയ ബ്രാൻഡായ ‘ജവാൻ’ മദ്യത്തിന്റെ വിലയുമായി വലിയ വ്യത്യാസമില്ലാത്ത നിരക്കിലാകും മലബാർ മിസ്റ്ററിയും വിൽക്കുക.
ഉൽപ്പാദനത്തിനായി പ്രതിദിനം ഒരു ലക്ഷം ലിറ്ററിലധികം വെള്ളം ആവശ്യമാണ്. നിലവിൽ മലമ്പുഴ ഡാമിൽ നിന്ന് നേരിട്ട് വെള്ളമെത്തിക്കാനാണ് തീരുമാനം. ഭാവിയിൽ മഴവെള്ള സംഭരണികൾ വഴി വെള്ളം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ്, ബവ്കോ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പ്ലാന്റിൽ നിയമിക്കും.
What's Your Reaction?



