പിണറായിക്ക് പൂർണ്ണ പിന്തുണയുമായി പാർട്ടി; പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എം വി ഗോവിന്ദൻ

May 21, 2026 - 11:59
May 21, 2026 - 12:00
 0
പിണറായിക്ക് പൂർണ്ണ പിന്തുണയുമായി പാർട്ടി; പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് എം വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പിണറായി വിജയനെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തിൽ യാതൊരുവിധ പുനഃപരിശോധനയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തത വരുത്തി. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ ഈ തീരുമാനത്തിന് പോളിറ്റ് ബ്യൂറോയുടെ (പിബി) പൂർണ്ണ അംഗീകാരമുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി യോഗങ്ങളിൽ പിണറായി വിജയനും നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പലതും മാധ്യമസൃഷ്ടി മാത്രമാണ്. പാർട്ടി വേദികളിൽ സഖാക്കൾ ഭയമില്ലാതെ നിർഭയമായി അഭിപ്രായം പറയണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള നിർദേശം. പാർട്ടി സെക്രട്ടറിക്കെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, തങ്ങളെ അല്ലാതെ പിന്നെ ആരെയാണ് വിമർശിക്കേണ്ടതെന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

വാർത്താസമ്മേളനത്തിൽ പരിയത്ത്കാവിലെ ഭൂമി ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെയും എം വി ഗോവിന്ദന്‍ കടുത്ത ഭാഷയിൽ പ്രതികരിച്ചു. സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്ന് രേഖകളിലുള്ള ആ സ്ഥലത്ത്, വർഷങ്ങൾക്ക് മുമ്പ് സർക്കാർ ഓഫീസുകളെ സ്വാധീനിച്ച് ചില പ്രമുഖർ വ്യാജ ആധാരങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആ ഭൂമിയിൽ ആർക്കും പട്ടയമില്ലെന്നും രണ്ടരയേക്കർ വരുന്ന ആ സ്ഥലത്ത് എട്ട് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്കെല്ലാം പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട നിയമനടപടികളിലേക്ക് കടക്കാനിരിക്കെയാണ് ക്രൂരമായ മർദനമുറകളിലൂടെ ഇവരെ ഒഴിപ്പിക്കാൻ നീക്കം നടന്നത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ പുറമ്പോക്കിൽ താമസിക്കുന്ന പാവപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകണമെന്ന് പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന പ്രസ്ഥാനമാണ് കർഷക തൊഴിലാളി പ്രസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow