ദേശീയഗാനത്തിനൊപ്പം വന്ദേമാതരവും; പശ്ചിമ ബംഗാളിലെ മദ്രസകളിൽ പുതിയ നിർദേശവുമായി സർക്കാർ

May 21, 2026 - 12:17
May 21, 2026 - 12:18
 0
ദേശീയഗാനത്തിനൊപ്പം വന്ദേമാതരവും; പശ്ചിമ ബംഗാളിലെ മദ്രസകളിൽ പുതിയ നിർദേശവുമായി സർക്കാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലും രാവിലെ നടക്കുന്ന പ്രാർത്ഥനാ യോഗങ്ങളിൽ (അസംബ്ലി) 'വന്ദേമാതരം' ആലപിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കി. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് മദ്രസകൾക്കും ഈ നിയമം ബാധകമാക്കി പുതിയ നിർദേശം പുറത്തുവരുന്നത്. മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സംസ്ഥാനത്തെ എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരവും ആലപിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് വിദ്യാഭ്യാസ മേഖലയിൽ നിർണായകമായ ഈ പരിഷ്കാരം കൊണ്ടുവന്നത്. നേരത്തെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും രാവിലെ നടക്കുന്ന അസംബ്ലിയില്‍ വന്ദേമാതരം ആലപിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്രസകളിലേക്കും വന്ദേമാതരം ആലപിക്കണമെന്ന കടുപ്പമേറിയ നിർദേശം വ്യാപിപ്പിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow