പീഡനക്കേസ് ആരോപണം പൊളിഞ്ഞോ? കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനമെന്ന് പരാതി

Jul 5, 2026 - 22:32
Jul 5, 2026 - 22:33
 0
പീഡനക്കേസ് ആരോപണം പൊളിഞ്ഞോ? കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനമെന്ന് പരാതി

പത്തനംതിട്ട: പീഡനത്തിനിരയായെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുപതുകാരന് ക്രൂരമർദനമേറ്റതായി പരാതി. രണ്ട് വർഷം മുൻപ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിനെയാണ് കൂടൽ പൊലീസ് മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച ശേഷം തറയിൽ മുട്ടുകുത്തി ഇരുത്തി കാൽവെള്ളയിൽ ചൂരൽ കൊണ്ട് തുടരെ അടിച്ചുവെന്നാണ് യുവാവിന്റെ ആരോപണം. ആദ്യം ആളുമാറി യുവാവിന്റെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നും പിന്നീട് വിട്ടയച്ചതായും ബന്ധുക്കൾ പറയുന്നു. ജൂലൈ 3ന് രാത്രി കസ്റ്റഡിയിലെടുത്ത യുവാവിനെ അടുത്ത ദിവസം വൈകിട്ടാണ് വിട്ടയച്ചത്.

സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അതേസമയം, ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ പീഡന പരാതിയിൽ 11 പേർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പ്രാഥമിക വൈദ്യപരിശോധനയിൽ പീഡനത്തിന്റെ തെളിവുകൾ കണ്ടെത്താനായില്ല. തുടർന്ന് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്തവരെ വിട്ടയച്ചു.

പരാതിയുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്നും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നതെന്നും അധികൃതർ അറിയിച്ചു. പെൺകുട്ടി നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow