ഗർഭിണിയാണെന്ന് അറിഞ്ഞില്ല, കുഞ്ഞിനെ വേണ്ട; നവജാത ശിശുവിനെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച തൊട്ടുപിന്നാലെ നവജാത ശിശുവിനെ ജനൽവഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. തനിക്ക് ഈ കുഞ്ഞിനെ ആവശ്യമില്ലെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി) ഔദ്യോഗികമായി അറിയിച്ചു. താൻ ഗർഭിണിയാണെന്ന വിവരം സ്വയം അറിഞ്ഞിരുന്നില്ലെന്നും വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയതാണെന്നാണ് കരുതിയതെന്നും യുവതി പറയുന്നു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ഇതരസംസ്ഥാനക്കാരനായ യുവാവുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്തായി ഇയാളുമായി ബന്ധമില്ലെന്നും, താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19-കാരി വെളിപ്പെടുത്തി. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവരുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്. അച്ഛനും അനുജത്തിക്കുമൊപ്പം കഴിഞ്ഞ മൂന്നുമാസമായി യുവതി വീട്ടിൽ തന്നെയുണ്ടായിരുന്നു.
യുവതി ആശുപത്രി വിടുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അവിടെ 60 ദിവസം കുഞ്ഞിനെ പരിചരിക്കും. ഈ സമയപരിധിക്കുള്ളിൽ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അമ്മയ്ക്ക് കൊണ്ടുപോകാൻ നിയമപരമായി അവസരമുണ്ട്. എന്നാൽ 60 ദിവസം കഴിഞ്ഞാൽ ശിശുക്ഷേമസമിതി കുഞ്ഞിനെ പൂർണ്ണമായി ഏറ്റെടുക്കുകയും, പിന്നീട് അമ്മയ്ക്ക് ഇതിൽ യാതൊരു അവകാശവും ഉന്നയിക്കാൻ സാധിക്കാതെ വരികയും ചെയ്യും.
അതേസമയം, രക്ഷപ്പെട്ട നവജാത ശിശുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യു.സി അറിയിച്ചു. ഇതിനായി ചൈൽഡ് ലൈൻ വഴി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയുമായി ഹരിപ്പാട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതി ശുചിമുറിയിൽ വെച്ച് പ്രസവിച്ചതും, തുടർന്ന് പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതും. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ശൗചാലയത്തിന് പിന്നിൽ നിന്ന് ചോരക്കുഞ്ഞിനെ തലനാരിഴയ്ക്ക് ജീവനോടെ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് യുവതിക്കെതിരെ നിലവിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
What's Your Reaction?



