കർണാടകത്തിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും; ഇന്ന് മന്ത്രിമാർക്ക് പ്രാതൽ വിരുന്ന്

May 28, 2026 - 11:55
May 28, 2026 - 11:56
 0
കർണാടകത്തിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിഞ്ഞേക്കും; ഇന്ന് മന്ത്രിമാർക്ക് പ്രാതൽ വിരുന്ന്

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായകമായ ഭരണമാറ്റത്തിന് വഴിതുറന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയൊഴിയുന്നു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഇതിന്റെ മുന്നോടിയായി ഇന്ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മന്ത്രിമാർക്കായി അദ്ദേഹം പ്രത്യേക പ്രാതൽ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വരും ദിവസങ്ങളിൽ (ശനിയാഴ്ചയോടെ) കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്ന സിദ്ധരാമയ്യയെ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. എന്നാൽ സിദ്ധരാമയ്യയുടെ ഔദ്യോഗികമായ രാജി സമർപ്പണം ഇന്ന് തന്നെ ഉണ്ടാകുമോ എന്ന കാര്യത്തിൽ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്ലോത് വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിലവിൽ മുംബൈയിലേക്ക് പോയിരിക്കുകയാണ്.

അതേസമയം, കർണാടകത്തിൽ കോൺഗ്രസ് ഇതുവരെ ഔദ്യോഗികമായി നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടില്ലെന്നും മറ്റ് അന്തിമ തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. ഈ വിഷയത്തിൽ മാധ്യമങ്ങൾ അനാവശ്യ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കർണാടകത്തിലെത്തിയ സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതൃമാറ്റത്തിന്റെ അണിയറ നീക്കങ്ങൾ സജീവമാണെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow