ഭോപാൽ എയിംസിൽ ചികിത്സാ പിഴവ്; മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചെന്ന് കണ്ടെത്തൽ, മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

Jun 13, 2026 - 21:38
Jun 13, 2026 - 21:38
 0
ഭോപാൽ എയിംസിൽ ചികിത്സാ പിഴവ്; മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചെന്ന് കണ്ടെത്തൽ, മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

ഭോപാൽ: രക്താർബുദത്തിന് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ ഭോപാൽ എയിംസിൽ മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവ് സ്ഥിരീകരിച്ചു. കുട്ടിയുടെ ശരീരത്തിലേക്ക് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചതാണ് മരണകാരണമെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് നഴ്‌സിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സഗർ ജില്ലയിലെ കൗർജ ഗ്രാമവാസിയായ സിദ്ധാർഥ് യാദവിന്റെ മകൻ സാർദ്ധക് യാദവ് (3) ആണ് മരിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന കുട്ടിയെ 2025 ഡിസംബർ 15-ന് ഭോപാൽ എയിംസിലെ പീഡിയാട്രിക് വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.

ഡിസംബർ 17-ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് ഓഫിസർ സിറിഞ്ചിലുണ്ടായിരുന്ന ദ്രാവകം കൃത്യമായി പരിശോധിക്കാതെ ഐവി ബോട്ടിലിലേക്ക് കുത്തിവച്ചതോടെയാണ് ഗുരുതര പിഴവ് സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. നഴ്‌സിനെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് സിദ്ധാർഥ് യാദവ് പറഞ്ഞു.

കുത്തിവയ്പ്പിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ബോധരഹിതനാകുകയും ചെയ്തു. ഉടൻ തന്നെ പിഐസിയുവിലേക്ക് മാറ്റി സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഐവി ബോട്ടിൽ മാറ്റിക്കളയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചതായും കുടുംബം ആരോപിച്ചു.

എയിംസിന്റെ ആഭ്യന്തര അന്വേഷണത്തിൽ, ഐവിയിലൂടെ ഫോർമാലിൻ കുട്ടിയുടെ ശരീരത്തിൽ എത്തിയതാണെന്ന് കണ്ടെത്തി. ബയോപ്സി സാംപിളിനായി എടുത്തുവച്ചിരുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കോശങ്ങളും മൃതദേഹങ്ങളും കേടുകൂടാതെ സൂക്ഷിക്കാനാണ് സാധാരണ ഫോർമാലിൻ ഉപയോഗിക്കുന്നത്.

നഴ്‌സിങ് ഓഫിസർ മധുബാല ശർമയാണ് ഫോർമാലിൻ കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചതെന്നും, മറ്റൊരു നഴ്‌സിങ് ഓഫിസറായ അനുക രാസവസ്തു സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും സസ്പെൻഡ് ചെയ്തതായും പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow