ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ മഹാരാഷ്ട്രയില്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ സ്വന്തം നാടായ ലാത്തൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ലാത്തൂരിലെ വസതിയില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
2004ൽ ശിവരാജ് പട്ടീൽ ആഭ്യന്തരമന്ത്രിയായി. മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു ആഭ്യന്തര മന്ത്രി. ഭീകരാക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതത്തില്‍ രാജ്യത്തെ പ്രമുഖ പദവികളെല്ലാം വഹിച്ചിട്ടുള്ള നേതാവാണ് ശിവരാജ് പാട്ടില്‍. പഞ്ചാബ് ഗവര്‍ണര്‍ ഛണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ, വിവിധ ഘട്ടങ്ങളിലായി കേന്ദ്ര മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ, ലോകസഭാ സ്പീക്കര്‍, മഹാരാഷ്ട്ര മന്ത്രി തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ചയായിരിക്കും നടത്തുകയെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.