ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകി
ഡിസംബർ 10-ഓടെ സർവീസുകൾ പൂർണമായും സാധാരണനിലയിലാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ
ന്യൂഡല്‍ഹി: ഒരാഴ്ചയോളം നീണ്ടുനിന്ന പ്രതിസന്ധികൾക്ക് ശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണനിലയിലേക്ക് എത്തുന്നു. തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃസ്ഥാപിച്ചതായി ഇൻഡിഗോ അറിയിച്ചു. ഡിസംബർ 10-ഓടെ സർവീസുകൾ പൂർണമായും സാധാരണനിലയിലാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വെള്ളിയാഴ്ച: 706, ശനിയാഴ്ച: 1565, ഞായറാഴ്ച: 1650-ലേറെ സർവീസുകൾ നടത്താൻ സാധിക്കുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം.
പ്രതിദിനം ഏകദേശം 2300 വിമാന സർവീസുകളാണ് ഇൻഡിഗോ സാധാരണയായി നടത്തുന്നത്. ഇൻഡിഗോയുടെ 'ഓൺ ടൈം പെർഫോമൻസ്' (OTP) ഇന്ന് 75 ശതമാനമാണ് എന്നും കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 30 ശതമാനം മാത്രമായിരുന്നു. ഡിസംബർ 15 വരെയുള്ള എല്ലാ ബുക്കിങ്ങുകളും റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുകയാണെങ്കിൽ പൂർണ്ണമായ ഇളവ് നൽകുമെന്നും കമ്പനി അറിയിച്ചു. റീഫണ്ട് നടപടികളും ബാഗേജ് തിരികെ നൽകാനുള്ള പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ജീവനക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലെ സർവീസ് തടസ്സങ്ങളെ തുടർന്ന് ഇൻഡിഗോ ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി ആയിരക്കണക്കിന് ഇൻഡിഗോ സർവീസുകളാണ് തടസ്സപ്പെട്ടത്, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മണിക്കൂറുകളോളം വൈകുകയും ചെയ്തു. പൈലറ്റുമാരുടെ വിശ്രമം ഉറപ്പാക്കാനുള്ള പുതിയ ഡ്യൂട്ടി ചട്ടമായ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (FDTL) നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. യാത്രക്കാർ വലഞ്ഞതോടെ, FDTL ചട്ടം നടപ്പാക്കുന്നതിൽ ഫെബ്രുവരി 10 വരെ ഇൻഡിഗോയ്ക്ക് ഡി.ജി.സി.എ. ഇളവ് നൽകിയിരുന്നു.
What's Your Reaction?