ഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാത്രമല്ല പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു.
നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു. ഭീകരതയ്ക്ക് അര്‍ഹിച്ച മറുപടി നല്‍കാന്‍ രാജ്യത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ടെന്നും അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കുമെന്നും പാകിസ്ഥാന് മോദി താക്കീത് നൽകി. മതത്തിന്റെ പേരിലാണ് ഭീകരര്‍ പഹൽഗാമിൽ ആക്രമണം നടത്തിയത്. പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ ഭീകരരുടെ പരിശീലന കേന്ദ്രത്തില്‍ കടന്നു കയറി ഇന്ത്യ മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.