കാന്താര 2 വിന്‍റെ സെറ്റില്‍നിന്ന് വീണ്ടുമൊരു ദുഃഖവാര്‍ത്ത; പ്രധാന നടന്‍ ഹൃദയാഘാതം മൂലം മരിച്ചു

രണ്ടാഴ്ച മുന്‍പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്

May 12, 2025 - 21:56
May 12, 2025 - 21:56
 0  25
കാന്താര 2 വിന്‍റെ സെറ്റില്‍നിന്ന് വീണ്ടുമൊരു ദുഃഖവാര്‍ത്ത; പ്രധാന നടന്‍ ഹൃദയാഘാതം മൂലം മരിച്ചു

കാന്താര 2 സിനിമയുടെ സെറ്റില്‍നിന്ന് വീണ്ടുമൊരു ദുഃഖവാര്‍ത്ത. കാന്താര ചാപ്റ്റർ വണ്ണിൽ (കാന്താര 2) പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് 33കാരനായ രാകേഷിന് ഹൃദയാഘാതം വന്നത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കന്നഡ ടെലിവിഷൻ രംഗത്തെ മുൻനിര താരങ്ങളിലൊരാളായ രാകേഷ് പൂജാരി, കോമഡി റിയാലിറ്റി ഷോയിൽ വിജയിയായിരുന്നു. രാകേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കന്നഡ ടെലിവിഷൻ–സിനിമാ താരങ്ങൾ. സിനിമയുമായി ബന്ധപ്പെട്ടു തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദുരൂഹമായി അവശേഷിക്കുകയാണ്.  

രണ്ടാഴ്ച മുന്‍പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6നാണ് വൈക്കം സ്വദേശിയായ എം.എഫ്. കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിച്ചത്. ഉഡുപ്പി ജില്ലയിലെ കൊല്ലൂരില്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. സഹപ്രവർത്തകരുമായി സൗപർണികാ നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ഉടൻ തന്നെ മുങ്ങിയെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തെയ്യം കലാകാരനായ കപിൽ നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. 

What's Your Reaction?

like

dislike

love

funny

angry

sad

wow