'അവതാരങ്ങൾ' എന്ന പരാമർശം പിണറിക്കെതിരല്ല; ആരെല്ലാം ആ തൊപ്പി ചേരുന്നുവോ അവർ അണിയട്ടെ: വിശദീകരണവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിമർശനമല്ല തന്റെ പരാമർശമെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 'അവതാരങ്ങൾ' എന്ന തൊപ്പി ആർക്കെല്ലാം ചേരുന്നുവോ അവർക്ക് അത് അണിയാമെന്നും അദ്ദേഹം പറഞ്ഞു.
അവതാരങ്ങളെക്കുറിച്ച് പിണറായി വിജയൻ മുമ്പ് നൽകിയ മുന്നറിയിപ്പ് ഗൗരവമുള്ളതാണെന്നും ഇടതുപക്ഷം ഭരണത്തിലേക്ക് വരുമ്പോൾ പറയേണ്ട കാര്യങ്ങളാണ് അദ്ദേഹം അന്ന് പറഞ്ഞതെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്നും ഇന്നും സിപിഐ ആ മുന്നറിയിപ്പിനെ മാനിക്കുന്നുണ്ടെന്നും, അത് പ്രാവർത്തികമാക്കുന്നതിൽ എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന പരിശോധനയാണ് താൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിൽ നടന്ന ഇഎംഎസ് അനുസ്മരണ പരിപാടിയിലാണ് കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ചില നിലപാടുകളെ ബിനോയ് വിശ്വം വിമർശിച്ചത്. ചില 'അവതാരങ്ങളെ' അടുപ്പിച്ചതാണ് ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകലാൻ കാരണമായതെന്നാണ് അദ്ദേഹം പറഞ്ഞത്.
ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ ബന്ധുക്കളായാണ് കണ്ടിരുന്നതെന്നും, താൽക്കാലിക നേട്ടം മാത്രം ലക്ഷ്യമിട്ട് എത്തുന്ന ചിലർ ബന്ധുക്കളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അത്തരം 'അവതാരങ്ങളെ' സൂക്ഷിക്കണമെന്നും അകറ്റിനിർത്തണമെന്നും പിണറായി വിജയൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആ അവതാരങ്ങൾ പിന്നീട് പാർട്ടിയോട് കൂടുതൽ അടുത്തോ, അകത്തുകയറിയോ, സ്വാധീനം ചെലുത്തിയോ, അതുവഴി യഥാർഥ ബന്ധുക്കൾ അകന്നുപോകാൻ കാരണമായോ എന്ന ചോദ്യങ്ങൾ ഭയമില്ലാതെ ഉയർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് സത്യമാണെങ്കിൽ അത്തരം അവതാരങ്ങളെ അകറ്റിനിർത്തേണ്ടതാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
What's Your Reaction?



