മഴക്കെടുതിക്ക് സാധ്യത ഉയരുന്നു; സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അതേസമയം, നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 8 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിൽ ജീവഹാനിക്കും സ്വത്തുനാശത്തിനും ഇടയാക്കുന്ന പ്രധാന പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്. മരങ്ങൾ കടപുഴകി വീഴുന്നതും ശിഖരങ്ങൾ ഒടിഞ്ഞ് പതിക്കുന്നതും ഉൾപ്പെടെയുള്ള അപകടസാധ്യതകൾ ഈ സാഹചര്യത്തിൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്തുള്ള അപകടസാധ്യതയുള്ള മരക്കൊമ്പുകൾ മുൻകരുതലായി വെട്ടിമാറ്റണം. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയോ അധികാരികളെയോ ഉടൻ അറിയിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
What's Your Reaction?



