‘രാഷ്ട്രീയ സംരക്ഷണം ഇനി ഇല്ലേ?’; പിണറായിക്ക് ചുറ്റും വീണ്ടും സിപിഎം, പക്ഷേ ഉള്ളിൽ കടുത്ത ആശങ്ക

May 28, 2026 - 11:42
May 28, 2026 - 11:43
 0
‘രാഷ്ട്രീയ സംരക്ഷണം ഇനി ഇല്ലേ?’; പിണറായിക്ക് ചുറ്റും വീണ്ടും സിപിഎം, പക്ഷേ ഉള്ളിൽ കടുത്ത ആശങ്ക

തിരുവനന്തപുരം ∙ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി പരിശോധന സിപിഎമ്മിനെ വീണ്ടും പ്രതിരോധ രാഷ്ട്രീയത്തിലേക്ക് തള്ളിയിരിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണക്കടത്ത് കേസ് ഉയർന്നപ്പോൾ മുതൽ തന്നെ ഇത്തരമൊരു നീക്കം പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം: “ഇങ്ങനെ വീട്ടിൽ കയറിയുള്ള പരിശോധന ഇ.ഡി ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വളരെക്കാലമായി.”

വൻ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആത്മവീര്യം നഷ്ടപ്പെട്ട നിലയിലായിരുന്ന പാർട്ടിക്ക് ഇ.ഡി റെയ്ഡ് വീണ്ടും പോരാട്ടമൂഡ് തിരികെ നൽകിയെന്നാണ് വിലയിരുത്തൽ. വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലും പിണറായി വിജയനെ ചുറ്റിപ്പറ്റി പാർട്ടി വീണ്ടും അണിനിരക്കുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. എന്നാൽ അന്വേഷണം കൂടുതൽ ശക്തമായാൽ എന്താകും എന്ന ആശങ്കയും പാർട്ടിക്കുള്ളിൽ ഒരേസമയം ഉയരുന്നുണ്ട്

ഹൈക്കോടതി വിധി വന്ന മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇ.ഡി നടപടിയിലേക്ക് കടന്നത് ആസൂത്രിത നീക്കമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് ഇ.ഡി കടന്നാൽ വ്യക്തിപരമായും രാഷ്ട്രീയമായും പിണറായി വിജയൻ വലിയ പ്രതിസന്ധി നേരിടേണ്ടി വരാമെന്ന ആശങ്ക നേതൃനിരയിൽ ശക്തമാണ്. മുഖ്യമന്ത്രിയായിരിക്കെ ലഭിച്ചുവെന്നാരോപിക്കപ്പെടുന്ന രാഷ്ട്രീയ സംരക്ഷണം ഇനി ഉണ്ടാകില്ലെന്ന സൂചന കൂടിയാണ് ഈ നീക്കം നൽകുന്നതെന്നും പാർട്ടി വിലയിരുത്തുന്നു.

സിഎംആർഎലിൽ നിന്ന് 1.72 കോടി രൂപ വീണ വിജയൻ കൈപ്പറ്റിയത് നിയമവിരുദ്ധ ഇടപാടാണെന്ന ആദായനികുതി തർക്കപരിഹാര ബോർഡിന്റെ കണ്ടെത്തലിന് പിന്നാലെ പാർട്ടി പ്രതിരോധം കൂടുതൽ ശക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികൾക്കെതിരായ ആക്രമണാത്മക രാഷ്ട്രീയ പ്രചാരണവും അതിനൊപ്പം നടന്നു

.എന്നാൽ “ഇര” പരിവേഷം ചില പ്രവർത്തകരുടെ അതിരുവിട്ട പ്രതിഷേധങ്ങൾ തകർത്തുവെന്ന അമർഷം നേതൃനിരയിൽ ശക്തമാണ്. പ്രവർത്തകരെ നിയന്ത്രിക്കുന്നതിൽ ജാഗ്രത പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഡൽഹിയിൽ ജനറൽ സെക്രട്ടറിയെ വരെ കസ്റ്റഡിയിലെടുത്ത സംഭവവികാസങ്ങൾ പാർട്ടിയെ കൂടുതൽ പ്രതിരോധ നിലയിലാക്കി.

ഇതോടെ ഉൾപ്പാർട്ടി ചർച്ചകളുടെ ദിശ തന്നെ മാറാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും ആത്മപരിശോധന നടത്താനുമുള്ള ശ്രമങ്ങളെയും ഇത് ബാധിക്കാം.

കേസിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ ഉണ്ടായാൽ വിഭാഗീയതയ്ക്കു ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് സിപിഎം നീങ്ങാനിടയുണ്ടെന്ന ആശങ്കയും ശക്തമാകുന്നു. അന്വേഷണം കൂടുതൽ വ്യാപിക്കുമോ, അതോ രാഷ്ട്രീയ പോരാട്ടമായി തന്നെ ഇത് അവസാനിക്കുമോ എന്ന ചോദ്യമാണ് ഇനി കേരള രാഷ്ട്രീയത്തിന്റെ കേന്ദ്ര ചർച്ച.

.

What's Your Reaction?

like

dislike

love

funny

angry

sad

wow