തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍. കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെനിന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇതിൽ വ്യക്തത കുറവുണ്ട്. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും പ്രിന്‍സിപ്പല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡോ. ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്നും ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹാരിസിന്‍റെ മുറിയിൽ ആരോ കയറിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
ഡോ.ഹാരിസിന്റെ മുറിയിൽ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. സർജിക്കൽ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാൽ സർജിക്കൽ, ടെക്നിക്കൽ ടീമുമായി വീണ്ടും പരിശോധന നടത്തി. അതിലാണ് ഉപകരണം കണ്ടെത്തിയത്. കൂടാതെ പരിശോധനയ്ക്കിടെ ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതായും പികെ ജബ്ബാർ പറഞ്ഞു.