ടെൽഅവീവ്: ഗാസയുടെ നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കി ഇസ്രയേലിന്റെ സുരക്ഷാ കാബിനറ്റ്. ഹമാസിനെ തുരത്തുന്നതിന്റെ ഭാഗമായി നഗരം പിടിക്കുന്നതിനൊപ്പം, ‘സാധാരണക്കാർക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിന്’ വേണ്ടി കൂടിയാണ് തങ്ങളുടെ ഈ നടപടിയെന്നാണ് ഇസ്രയേലിന്‍റെ വാദം.
ഒന്നിലധികം ഘട്ടങ്ങളിലൂടെയായിരിക്കും ഗാസ നഗരം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ടം. ആദ്യ ഘട്ട പ്രവർത്തനത്തിനുള്ള അവസാന തീയതി ഒക്ടോബർ ഏഴാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
പദ്ധതി പൂർത്തിയാകാൻ അഞ്ച് മാസം വരെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വോട്ടെടുപ്പിന് മുമ്പ് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ സിഎൻഎന്നിനോട് പറഞ്ഞു. ഇതിനിടെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് അഞ്ച് പദ്ധതികള്‍ക്കും ഇസ്രയേലിന്റെ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹമാസിനെ നിരായുധീകരിക്കുക, ജീവനോടെയുള്ളതോ മരിച്ചവരോ ആയ എല്ലാ ബന്ദികളെയും മടക്കി കൊണ്ടുവരിക, ഗാസയെ സൈനിക മുക്തമാക്കുക, ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നിയന്ത്രണം, പലസ്തീനോ ഹമാസോ ഇല്ലാത്ത സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ ഗാസയില്‍ രൂപീകരിക്കും എന്നിവയാണ് സുരക്ഷാ കാബിനറ്റ് അംഗീകരിച്ചിരിക്കുന്ന പദ്ധതികള്‍.