കാത്തിരിപ്പവസാനിച്ചു; അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

May 28, 2026 - 11:26
May 28, 2026 - 11:27
 0
കാത്തിരിപ്പവസാനിച്ചു; അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

നീണ്ട രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമമിട്ട് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. വലിയ പെരുന്നാൾ ദിനത്തിൽ രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ റഹീമിനെ വികാരാധീനമായ രംഗങ്ങളോടെയാണ് നാട് വരവേറ്റത്. വ്യവസായി ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ള പ്രമുഖരും നൂറുകണക്കിന് പൊതുജനങ്ങളും റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. മോചനത്തിനായി ഒപ്പം നിന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും വാക്കുകൾക്കതീതമായ സന്തോഷമുണ്ടെന്നും നാട്ടിലിറങ്ങിയ ശേഷം അബ്ദുൽ റഹീം മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ സൗദി അധികൃതർ ഒപ്പുവെച്ചത്. തുടർന്ന് രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയായതോടെയാണ് പെരുന്നാൾ ദിനത്തിൽ തന്നെ റഹീമിന് സ്വന്തം മണ്ണിലേക്ക് പറക്കാനായത്. വലിയ പെരുന്നാളിന് റഹീം ഒപ്പമുണ്ടാകുമെന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇതോടെ യാഥാർത്ഥ്യമായത്.

2006-ൽ സൗദി ബാലൻ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൽ റഹീം റിയാദിൽ അറസ്റ്റിലാകുന്നത്. തുടർന്ന് 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. എന്നാൽ, ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമിച്ച് കൈകോർത്ത ചരിത്രപരമായ കാരുണ്യപ്രവർത്തനത്തിലൂടെ 34 കോടിയിലധികം ഇന്ത്യൻ രൂപ (ഒന്നര കോടി സൗദി റിയാൽ) ദിയാധനമായി സമാഹരിക്കുകയും, ഇതിന്റെ പശ്ചാത്തലത്തിൽ കോടതി വധശിക്ഷ റദ്ദാക്കുകയുമായിരുന്നു. വധശിക്ഷ ഒഴിവാക്കിയതിനെ തുടർന്ന് മറ്റ് വകുപ്പുകളിലായി ലഭിച്ച 20 വർഷത്തെ തടവുശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ലോകമലയാളികളുടെ കൂട്ടായ്മയുടെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായി മാറിയ അബ്ദുൽ റഹീമിന്റെ ഈ മടങ്ങിവരവ് കേരളക്കരയ്ക്കാകെ വലിയ പെരുന്നാൾ സമ്മാനമായി മാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow