മദ്യപിച്ചെത്തിയ മകൻ സ്ത്രീയെ വീട്ടുവളപ്പിൽ കുഴിച്ചുമൂടി; ദുരൂഹത ആരോപിച്ച് അയൽവാസികൾ !

കൊച്ചി: വെണ്ണലയിലെ വീട്ടുവളപ്പിൽ ബന്ധുക്കളെയും അധികൃതരെയും അറിയിക്കാതെ അമ്മയെ സംസ്‌കരിച്ചയാളെ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു. കൊച്ചി കോർപ്പറേഷൻ 42-ാം ഡിവിഷൻ വെണ്ണല സൗത്തിൽ അല്ലി കെ എ (78) ആണ് മരിച്ചത്. അല്ലിയുടെ മകനായ പ്രദീപ് (50)നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെ എട്ട് മണിയോടെയാണ് അയൽവാസികൾ പ്രദീപിനെ വീടിന് മുന്നിൽ സ്വയം കുഴിച്ച കുഴിയിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് അയൽവാസിയായ ഒരാൾ പറയുന്നതിങ്ങനെ, " പ്രദീപ് മദ്യപാനിയും മാനസികാസ്വാസ്ഥ്യവുമുള്ള ആളാണ്. പ്രശ്‌നക്കാരനായതിനാൽ ഞങ്ങളോട് വേണ്ട രീതിയിൽ ഇടപെടാറുമില്ല. അതിനാൽ തന്നെ സംശയം തോന്നിയപ്പോഴേ പാലാരിവട്ടം പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു."
പ്രദീപിൻ്റെ അമ്മ അല്ലി പ്രമേഹ രോഗിയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ബുധനാഴ്ച പ്രദീപ് അമ്മയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി സുഖം പ്രാപിക്കാതെ കിടന്ന അല്ലിയുടെ കാൽ മുറിച്ചു മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു.
"വെണ്ണലയിലും പാലച്ചുവടിലും രണ്ട് ടയർ റിപ്പയറിംഗ് കടകൾ നടത്തി വരികയായിരുന്നു പ്രദീപ്. മദ്യപിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നു. മൂന്ന് മാസം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയി. ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഇതിൽ ഇളയ മകൻ പ്രദീപിനൊപ്പവുമാണ് താമസിച്ചിരുന്നത്. കങ്ങരപ്പടിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു,” മറ്റൊരു അയൽവാസി പറഞ്ഞു.
മൃതദേഹം പുറത്തെടുത്ത പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.
അതേസമയം തൻ്റെ അമ്മയുടെ മരണം സ്വാഭാവിക മരണമെന്ന് പറയുന്ന പ്രദീപ്, നിലവിൽ പ്രിവൻ്റീവ് അറസ്റ്റിലാണ്. BNSS സെക്ഷൻ 194 പ്രകാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷം, ആവശ്യമെങ്കിൽ ചാർജുകൾ മാറ്റുമെന്നും പോലീസ് അറിയിച്ചു.
What's Your Reaction?






