തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി സത്യപ്രതിജ്ഞ ചെയ്യും.
പി എസ് പ്രശാന്ത് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡൻറ് ആയി കെ ജയകുമാർ സ്ഥാനമേൽക്കുന്നത്. കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് അംഗം എ അജികുമാറിൻ്റെ ഒഴിവിലേക്കാണ് കെ രാജു ചുമതലയേൽക്കുന്നത്. രണ്ട് വർഷത്തേക്കാണ് കാലാവധി.
ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. ചുമതലയേറ്റ ഉടൻ തന്നെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താനാണ് കെ ജയകുമാറിന്റെ തീരുമാനം.