ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണ സംഖ്യ 9 ആയി ഉയർന്നു. ഫരീദാബാദിൽ അറസ്റ്റിലായ ഭീകരരിൽനിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. 27 പേർക്ക് പരുക്കേറ്റു.
അഞ്ച് പേരുടെ നില ഗുരുതരമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോറൻസിക് പരിശോധനയ്ക്ക് എത്തിച്ച വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നിട്ടുണ്ട്.
പോലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടന പരമ്പര നടത്താൻ ഭീകരർ ശേഖരിച്ച് സൂക്ഷിച്ചിരുന്ന 2900 കിലോഗ്രാം രാസവസ്തുക്കളാണ് നേരത്തെ പിടിച്ചെടുത്തിരുന്നത്.
ഇതിന്‍റെ ഒരു ഭാഗമാണ് പോലീസ് സ്റ്റേഷനിൽ പൊട്ടിത്തെറിച്ചത്.പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ച അമോണിയം നൈട്രേറ്റ് ഉൾപ്പടെ സൂക്ഷിച്ചിരുന്ന ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. വൻ സ്ഫോടനത്തിനു പിന്നാലെ നിരവധി ചെറു സ്ഫോടനങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്.