ബംഗളൂരു: സെക്സ് എജ്യുക്കേഷൻ നിർബന്ധിത പഠന വിഷയമാക്കാൻ കർണാടക സര്‍ക്കാര്‍ തീരുമാനം. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത്.
ആഴ്ചയിൽ രണ്ട് ക്‌ളാസുകൾ ആണ് ഉണ്ടാവുക. ഡോക്‌ടർമാരും പൊലീസ് ഉദ്യോഗസ്ഥരുമാവും വിഷയത്തിൽ ക്ലാസുകളെടുക്കുക. പ്രത്യുൽപാദന ആരോഗ്യം, ശുചിത്വം, ഉത്തരവാദിത്തമുള്ള തീരുമാനമെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ ക്ലാസ്സുകളിൽ കൈകാര്യം ചെയ്യും.
മാത്രമല്ല കൗമാരക്കാരുടെ ശാരീരിക, വൈകാരിക, ഹോർമോൺ മാറ്റങ്ങൾ മനസ്സിലാക്കാൻ ഈ സെഷനുകൾ ലക്ഷ്യമിടുന്നു.കൂടാതെ ലഹരിക്കെതിരേ സ്കൂൾ തലത്തിൽ നിന്നും പ്രതിരോധം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.
പിഎച്ച്സികളിൽ നിന്നും ആളുകളെ കൊണ്ടുവന്ന് ലഹരി വിരുദ്ധ ക്ലാസുകൾ എടുപ്പിക്കും. പ്രശ്നക്കാരായ കുട്ടികൾക്ക് പ്രത്യേകം കൗൺസലിംഗിന് സൗകര്യം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.