ഡൽഹി: ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുമ്പുള്ള വിഡിയോ ആണ് പുറത്തുവന്നത്. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലാണ് വീഡിയോ വന്നത്. 'വൈറ്റ് കോളര്‍' ഭീകരവാദ സംഘത്തിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍, കൂടുതല്‍ പേരെ ഈ ആശയത്തിലേക്ക് ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
''ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്'', എന്നാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.