സ്വർണ്ണവില കുത്തനെ ഇടിഞ്ഞു: പവന് 92,000 രൂപയിൽ താഴെ; ഒറ്റ ദിവസം കുറഞ്ഞത് 1440 രൂപ
ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് (ശനിയാഴ്ച) മാത്രം ഒരു പവന് 1440 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വില 91,720 രൂപയായി. ഗ്രാമിന് 180 രൂപ കുറഞ്ഞ് 11,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തിൽ (നവംബർ 1) 90,200 രൂപയായിരുന്ന സ്വർണ്ണവില, അഞ്ചിന് 89,080 രൂപ വരെ താഴ്ന്നിരുന്നു. തുടർന്ന് 89,000നും 90,000നും ഇടയിൽ ചാഞ്ചാടിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ച (നവംബർ 13) 94,320 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി.
റെക്കോർഡ് ഭേദിക്കുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് വില താഴാൻ തുടങ്ങിയത്. ഇന്നലെ (നവംബർ 14) രണ്ടു തവണയായി 1160 രൂപ കുറഞ്ഞിരുന്നു. ഈ ഇടിവ് ഇന്നും ശക്തമായി തുടർന്നതോടെയാണ് വില 92,000 രൂപയിൽ താഴെയെത്തിയത്. ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് കേരളത്തിലെ സ്വർണ്ണവിലയുടെ സർവ്വകാല റെക്കോർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിക്കുന്നത്. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ അമേരിക്കയിൽ ഷട്ട്ഡൗൺ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വർണ്ണവില കുറയാൻ പ്രധാന കാരണം. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതോടെ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിൽ നിന്ന് മാറി ഓഹരി വിപണിയിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് ഈ വിലയിടിവിന് വഴിവെച്ചത്.
What's Your Reaction?

