ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ റാപ്പര്‍ വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്.
വേടന്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് പരാതിക്കാരി മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചത്. എന്നാൽ, വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകര്‍ഷിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടനെതിരെ സമാനമായ മറ്റ് പരാതികള്‍ ഉണ്ടെന്ന് പരാതിക്കാരി അറിയിച്ചു. എന്നാൽ, ഓരോ ആരോപണങ്ങളും പ്രത്യേകം പ്രത്യേകമായി മാത്രമേ പരിഗണിക്കാനാവുവെന്ന് കോടതി അറിയിച്ചു.
What's Your Reaction?






